നീണ്ട നാളത്തേക്ക് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു മാർഗമാണ് സ്റ്റോക്ക് മാർക്കറ്റ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തുടക്കത്തിൽ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടും വെല്ലുവിളികളും തോന്നും എങ്കിലും ശ്രദ്ധയോടെ പഠിച്ചെടുത്താൽ വളരെ ലളിതമായ് കൈകാര്യം ചെയ്യാവുന്ന ഒന്നാണ് സ്റ്റോക്ക് മാർക്കറ്റിംഗ്. സ്റ്റോക്ക് മാർക്കറ്റിനെ പറ്റി ഒന്നും അറിയാത്ത, എന്നാൽ അറിയാൻ താല്പര്യം ഉള്ളവർക്കുള്ള ഒരുലേഖനമാണിത്.
സ്റ്റോക്ക് മാർക്കറ്റിങ്ങിലേക്ക് എല്ലാവരും ആകൃഷ്ടരാകുന്നതിന് രണ്ടു കാരണങ്ങൾ ആണ് പ്രധാനമായും ഉള്ളത്. ഒന്ന് നമ്മൾ ഇൻവെസ്റ്റ് ചെയ്യുന്നതിലും കൂടുതൽ തിരിച്ച് ലഭിക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവ്. രണ്ട് സാമ്പത്തിക കാര്യങ്ങളിൽ ഒരു അച്ചടക്കം വളർത്തി എടുക്കാൻ സാധിക്കും എന്ന വിശ്വാസം. ധനകാര്യ സ്ഥാപനങ്ങളിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയി പൈസ നിക്ഷേപിക്കുന്നതിനേക്കാൾ മികച്ചത് സ്റ്റോക്ക് മാർക്കറ്റിംഗ് ആണ് എന്നുപറയാൻ കാരണം ഇതിൽ നിന്നും ലഭിക്കുന്ന വലിയ രീതിയിലുളള ലാഭം തന്നെയാണ്. കൃത്യതയോടുകൂടിയുള്ള ഇൻവെസ്റ്റ്മെൻ്റ്,പണം സൂക്ഷിക്കുന്നതിനും സൂഷ്മതയോടെ ഇൻവെസ്റ്റ് ചെയ്യുന്നതിനും സഹായിക്കുകയും ചെയ്യും.
എന്താണ് സ്റ്റോക്ക് മാർക്കറ്റ്?
സ്റ്റോക്ക് മാർക്കറ്റിംഗ് എന്താണെന്ന് അറിയണമെന്നുണ്ടെങ്കിൽ ആദ്യം ഷെയർ മാർക്കറ്റിംഗ് എന്താണെന്ന് അറിയണം.
ഷെയർ മാർക്കറ്റ് എന്നത് ഷെയറുകൾ പൊതുവായി പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം ആണ്. ഒരു വ്യക്തി ഏതെങ്കിലും ഒരു കമ്പനിയിൽ എടുക്കുന്ന ഷെയർ ഒരു ഡോക്യുമെൻ്റ് രൂപത്തിൽ ആണ് ലഭിക്കുന്നത്. ഇത് മറ്റൊരാൾക്ക് വിൽക്കുന്നതിന് തടസ്സമില്ല. ഇത്തരത്തിൽ വിൽക്കുന്നവരും വാങ്ങുന്നവരും മുകളിൽ പറഞ്ഞിരിക്കുന്ന ഡോക്യുമെൻ്റുകൾ കൈമാറ്റം ചെയ്യുന്ന പ്ലാറ്റ്ഫോമിനെയാണ് ഷെയർ മാർക്കറ്റ് എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു മാർക്കറ്റ് തന്നെ വികസിപ്പച്ചെടുത്തിട്ടുണ്ട്.
ഇനി സ്റ്റോക്ക് മാർക്കറ്റ് എന്താണ് എന്ന് പറയാം. ലളിതമായി പറഞ്ഞാൽ ഏതെങ്കിലുമൊക്കെ ഫിനാൻഷ്യൽ ഇൻസ്ട്രമെൻ്റുകൾ വിൽക്കുന്ന ഒരു മാർക്കറ്റിനെ വിളിക്കുന്ന പേരാണ് സ്റ്റോക്ക് മാർക്കറ്റ്. ഈ പറഞ്ഞ ഫിനാൻഷ്യൽ ഇൻസ്ട്രമെൻ്റുകൾ എന്നത് സ്റ്റോക്ക് ആവാം. ബോണ്ടുകളാകാം, ഏതെങ്കിലും വിൽപ്പന ചരക്കുകൾ ആകാം.
ഇന്ത്യയിലുള്ള പ്രധാന സ്റ്റോക്ക് മാർക്കറ്റുകൾ എന്നത് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE ) എന്നിവയാണ്
ഒരു സ്റ്റോക്ക് മാർക്കറ്റിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഇതിൽ പങ്കെടുക്കുന്ന ആളുകളും, വിൽപ്പനക്ക് വെച്ചിരിക്കുന്ന ഇൻസ്ട്രമെൻ്റുകളും നിയന്ത്രിക്കുന്നത് സെക്യൂരിറ്റിസ് ആൻഡ് എകസ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി ( SEBI ) ആണ്.
ഇനി ശ്രദ്ധിക്കാനുള്ള ഒന്നാണ് മാർക്കറ്റ് ഇൻഡക്സ്. സ്റ്റോക്ക് മാർക്കറ്റിൽ നടക്കുന്ന ട്രെൻഡ് വ്യത്യാസങ്ങൾ കാണിക്കാൻ ഉപയോഗിക്കുന്ന ഇൻഡികേറ്റർ ആണ് ഇൻഡക്സ്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന കോമൺ ആയിട്ടുള്ള ഇൻഡീസസ് എന്നത് നിഫ്റ്റിയും ( NIFTY ) സൻസെക്സും ( SENSEX ) ആണ്. NSE യിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാനപെട്ട 50 സ്റ്റോക്കുകളുടെ കൂട്ടമാണ് നിഫ്റ്റി. സെൻസെക്സ് എന്നത് BSE യില് ലിസ്റ്റ് ചെയ്തിരിക്കുന്ന 30 കമ്പനികളുടെ ഇൻഡെക്സും.
ഫണ്ട് മാനേജേഴ്സിൻ്റെയും മറ്റ് സ്റ്റോക്കുകളുടെയും പെർഫോമൻസ് നിർണ്ണയിക്കുന്നതിനാണ് സ്റ്റോക്ക് മാർക്കറ്റ് ഇൻഡീസസ് ഉപയോഗിക്കുന്നത്.
സ്റ്റോക്ക് മാർക്കറ്റ് മേഖലയിലേക്ക് കടക്കുന്നവർക്കായി NSE നൽകുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഓൺലൈൻ ആയിട്ട് ചെയ്യാം. അതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. ലിങ്ക് ചുവടെ കൊടുക്കുന്നു.
സ്റ്റോക്ക് മാർക്കറ്റിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യാം !
സ്റ്റോക്ക് മാർക്കറ്റിൽ ഒരാൾക്ക് നേരിട്ട് എന്തെങ്കിലും വിൽക്കാനോ വാങ്ങനോ സാധിക്കില്ല. ഇതിന് മാർക്കറ്റിൽ ട്രേഡ് ചെയ്യാൻ സാധിക്കുന്ന ബ്രോക്കർമാരോ സ്റ്റോക്ക് ബ്രോക്കറേജ് കമ്പനിയോ നമ്മളെ സഹായിക്കണം.
ഇൻവെസ്റ്റ്മെന്റ് തുടങ്ങുന്നതിനായി ബ്രോക്കർമാരുടെയോ സ്റ്റോക്ക് ബ്രോക്കറേജ് കമ്പനിയുടെയോ പ്ലാറ്റ്ഫോമിൽ ഒരു ട്രേഡിംഗ് അക്കൗണ്ട് എടുക്കണം. ഈ അക്കൗണ്ട് വഴിയാണ് ട്രേഡർമാർ വിൽപനയും വാങ്ങലും നടത്തുന്നത്.
നിക്ഷേപകർ സമീപിക്കുന്ന ബ്രോക്കറോ, സ്റ്റോക്ക് ബ്രോക്കറേജ് കമ്പനിയോ ഒരു ഡീമാറ്റ് അക്കൗണ്ട് ( demat account ) നിക്ഷേപകർക്ക് വേണ്ടി എടുക്കുന്നു . ഈ അക്കൗണ്ട് ആണ് നമ്മുക്കുള്ള ഫിനാൻഷ്യൽ സെക്യൂരിറ്റി നൽകുന്നത്.
ഈ രണ്ട് അക്കൗണ്ടുകളും നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടും ആയി ലിങ്ക് ചെയ്യുകയാണ് അടുത്ത സ്റ്റെപ്പ്.
ഇത്തരത്തിൽ ട്രേഡിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉണ്ടാക്കുന്നതിന് Know Your Customer ( KYC ) ഡോക്യുമെൻ്റേഷൻ നിക്ഷേപകർ ചെയ്തിരിക്കണം. ഇതിൻ്റെ വേരിഫിക്കേഷൻ നടത്തുന്നതിന് ഏതെങ്കിലും ഗവൺമെൻ്റ് അംഗീകൃത ഐഡൻ്റിറ്റി കാർഡ് അതായത് പാൻ കാർഡ്, ആധാർ എന്നിവ ഉണ്ടാകണം.
നിലവിലുള്ള ഒട്ടുമിക്ക ബ്രോക്കർമാർക്കും ബ്രോക്കറേജ് കമ്പനിക്കും മുകളിൽ പറഞ്ഞിരിക്കുന്ന സ്റ്റെപ്പുകൾ എല്ലാം ഓൺലൈൻ ആയി ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ട്. അതിനാൽ തന്നെ ചെറിയ ദിവസങ്ങൾകൊണ്ട് ഇത് ചെയ്ത് തീർക്കാൻ സാധിക്കും
ഈ സ്റ്റെപ്പുകൾ എല്ലാം ചെയ്ത് കഴിഞ്ഞാൽ നമ്മുടെ ഫോൺ ഉപയോഗിച്ച് തന്നെ ഓൺലൈൻ അയിട്ടോ ഓഫ്ലൈൻ ആയിട്ടോ നമ്മുക്ക് ട്രേഡിംഗ് നടത്താം.
ഇന്വെസ്റ്റിംഗിനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റിയ ഏറ്റവും നല്ല ഒരു സോഴ്സ് ഇന്വെസ്ട്രോപീഡിയ ആണ്. അതിലെ ട്രിക്കുകളും മറ്റും സൗജന്യമായി അറിയാം. ലിങ്ക് ചുവടെ കൊടുക്കുന്നു.
ഇൻവെസ്റ്റ് ചെയ്യുന്നതിന് വരുന്ന ചിലവുകൾ!
ട്രാൻസാക്ഷൻ കോസ്റ്റ് : നമ്മൾ സമീപിക്കുന്ന എല്ലാ ബ്രോക്കർമാരും ബ്രോക്കറേജ് കമ്പനിയും പണം നൽകിയാൽ മാത്രം പ്രവർത്തിക്കുന്നവരാണ്. ഇത് ഇവരുടെ ഫീസ് ആയിട്ടാണ് കണക്കാക്കുന്നത്. ഈ ഫീസിന് പുറമേ ഓരോ ട്രാൻസാക്ഷൻ നടത്തുന്നതിനും ചിലവാകുന്ന ടാക്സ് എന്നിവയും ഇവർ കളക്റ്റ് ചെയ്യും. ടാക്സ് എന്നതിൽ സെക്യുരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്, സെബി ചാർജ്, GST എന്നിവ ഉൾപ്പെടുന്നുണ്ട്.
ഡീമാറ്റ് ചാർജ് : നമ്മുക്ക് വേണ്ടി ബ്രോക്കറോ, സ്റ്റോക്ക് ബ്രോക്കറേജ് കമ്പനിയോ എടുക്കുന്ന ഡീമാറ്റ് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് അവർ തന്നെയല്ല. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് സെൻട്രൽ സെക്യുരിറ്റീസ് ഡിപോസിട്ടറീസ് ആയ NSDL അല്ലെങ്കിൽ CDSL എന്നിവരാണ്. ഇത് ഗവണ്മെൻ്റ് നിയന്ത്രണത്തിൽ ആയിരിക്കും. ഇതിന് വേണ്ടി ഓരോ വർഷവും കൃത്യമായ ചാർജ് നമ്മൾ കൊടുക്കണം.
ടാക്സ് : നിക്ഷേപകർ ഇൻവെസ്റ്റ് ചെയ്ത് നമ്മുക്ക് ലഭിക്കുന്ന ലാഭത്തിലെ ഒരു ഭാഗം ഗവൺമെൻ്റ് നികുതിയായി അടയ്ക്കണം ഒരു വർഷത്തിൽ അധികമായി നിക്ഷേപകർ അവരുടെ സ്റ്റോക്കുകൾ വിൽക്കാതെ ഹോൾഡ് ചെയ്യുന്നുണ്ട് എങ്കിൽ ലോങ് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് ആയി 10% അടയ്ക്കണം. ഇതിന് പകരം ഒരു വർഷത്തിൽ കുറവാണ് എങ്കിൽ ഷോർട്ട് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് ആയി 15% അടക്കണം. ഈ രണ്ട് നികുതി നിരക്കും സർക്കാർ പറയുന്ന സെസിനെ അടിസ്ഥാനപ്പെടുത്തി ഇരിക്കും.