2002ൽ ദുബായിലെ മണലാരണ്യത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ സഞ്ചരിക്കുകയായിരുന്ന യുഎഇ പ്രധാനമന്ത്രി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും മണൽക്കുന്നുകൾക്കിടയിൽക്കണ്ട അസ്വാഭാവികമായ പാറക്കൂട്ടങ്ങളാണ് പിന്നീട് യുഎഇയിലെത്തന്നെ ഏറ്റവും പ്രധാനമായ പര്യവേഷണ കേന്ദ്രമായി മാറിയത്.
സാരൂഖ് അൽ ഹാദിദിന്റെ ചരിത്രപ്രാധാന്യം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാൻ യുഎഇ ഗവൺമെന്റും പരിശ്രമിക്കുന്നുണ്ട്. ഇവിടെനിന്ന് ഉത്ഖനനത്തിലൂടെ ലഭിച്ച സ്വർണ്ണ മോതിരത്തിന്റെ മാതൃകയിൽ 2020ലെ ദുബായ് എക്സ്പോയുടെ ലോഗോ തയ്യാറാക്കിയത് ഇതിന്റെ ഭാഗമായാണ്.
അറിയുന്തോറും സാരൂഖ് അൽ ഹാദിദിനെക്കുറിച്ചുള്ള നിഗൂഢതയും ഏറിവരികയാണ്.ഈ പുരാതന നാഗരികത ഇതുകൊണ്ടുതന്നെ ഗവേഷകർക്കും പ്രിയപ്പെട്ടതായിരിക്കുന്നു. സാരൂഖ് അൽ ഹാദിദിന്റെ വ്യാപ്തി പൂർണ്ണമായും മനസ്സിലാക്കുവാനും അവശേഷിച്ച തെളിവുകൾക്ക് കോട്ടംതട്ടാതെ പ്രതികൂല കാലാവസ്ഥയിൽ പര്യവേഷണം നടത്തുവാനും ഇപ്പോൾ നവീന സാങ്കേതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ് അവർ. ന്യൂ ഖലീഫ യൂണിവേഴ്സിറ്റിയിലെ ENGEOS ലാബ് വികസിപ്പിച്ചെടുത്ത മെഷീൻ ലേണിങ് ടെക്നോളജിയുടെ സഹായത്താൽ കൃത്രിമോപഗ്രഹങ്ങളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ വച്ച് മരുഭൂമിയിൽ മറഞ്ഞുകിടക്കുന്ന സാരൂഖ് അൽ ഹാദിദിന്റെ ശേഷിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.2021 ജൂലൈയിൽ ഇപ്പോൾ ഗവേഷണം നടക്കുന്ന സ്ഥലത്തിന് നേരെ എതിർവശത്തായ് ഇങ്ങനെ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. ഈ സാങ്കേതിക വിദ്യയുടെ വിജയത്തെത്തുടർന്ന് തുടർപര്യവേഷണം എളുപ്പവും ചെലവു കുറഞ്ഞതുമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
മരുഭൂമിയിൽ രഹസ്യങ്ങൾ ഒളിപ്പിച്ച് നാഗങ്ങളുടെ നഗരം;അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായംതേടി യൂ.എ.ഇയിലെ ഗവേഷകർ
യുഎഇ പ്രധാനമന്ത്രി മണൽ കുന്നുകളിൽക്കണ്ട അസ്വാഭാവികത യഥാർത്ഥത്തിൽ ഇരുമ്പ് ഉപകരണങ്ങൾ ഉണ്ടാക്കിയതിന്റെ ഫലമായി ബാക്കിവന്ന ഉപയോഗശൂന്യമായ ലോഹകട്ടകളായിരുന്നു. പുരാതനകാലത്ത് ഇവിടം ഒരു ഇരുമ്പുപകരണനിർമാണകേന്ദ്ര മായിരുന്നുന്നതിന്റെ തെളിവാണിതെന്ന് ചരിത്രകാരന്മാർ പറയുന്നു. ഈ കാലഘട്ടത്തിനു മുമ്പ് ചെമ്പുകൊണ്ടുള്ള ആയുധങ്ങൾ നിർമിക്കാനുള്ള കേന്ദ്രമായിരുന്നു ഇത്. ഇരുമ്പുപകരണങ്ങളുടെ സാങ്കേതികവിദ്യ മനുഷ്യരാശി മനസ്സിലാക്കുന്നതിനു മുമ്പ് ചെമ്പു കൊണ്ടുള്ള ആയുധങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്.ശിലായുഗകാലത്തോളം ഈ നഗരത്തിനു പഴക്കമുണ്ടെന്നതിനു തെളിവായി പാറ കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
വേട്ടയാടിയും മൃഗങ്ങളെ ഇണക്കിവളർത്തിയും ഉപജീവിച്ചിരുന്ന ഒരു ജനതയായിരുന്നിരിക്കണം ഇവിടെ അധിവസിച്ചിരുന്നത്. വളർത്തുമൃഗങ്ങളോടോപ്പം ഉൾപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന പക്ഷികളുടെ അസ്ഥികളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്ന് മരുഭൂമിയായിരിക്കുന്ന ഈ പ്രദേശം ഒരുകാലത്ത് പച്ചപ്പാർന്നതായിരുന്നു എന്നതിന് തെളിവാണിവയെല്ലാം.
നാഗങ്ങളുടെ നഗരം
ജബൽ അലി തുറമുഖം കഴിഞ്ഞ് 40 കിലോ മീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇരുമ്പ് സംസ്കരണത്തിനു യോജിച്ചതല്ല. ലോഹ ആയുധങ്ങൾ ഉണ്ടാക്കുവാൻ ആവശ്യം വേണ്ട ജലവും ഇന്ധനവും ഇരുമ്പയിരുമൊന്നും ഇവിടെ ലഭ്യമല്ല. പൗരാണിക ജനത ഈ ആവശ്യത്തിനായി ഇവിടം തെരഞ്ഞെടുത്തതിന്റെ കാരണം പ്രഹേളികയായി അവശേഷിക്കുന്നു. ലഭ്യമായ തെളിവുകൾ വിരൽചൂണ്ടുന്നത് പുരാതനകാലത്ത് സാരൂഖ് അൽ ഹാദിദിനുണ്ടായിരുന്ന മതപരമായ പ്രാധാന്യത്തിലേക്കാണ്. ഇവിടെ നിന്നും വലിയതോതിൽ കണ്ടെടുത്തിട്ടുള്ള ലോഹനിർമ്മിതമായ പാമ്പുകളുടെ ചെറുപ്രതിമകളും പാമ്പുകളുടെ രൂപങ്ങൾകൊണ്ടലങ്കരിച്ച മൺപാത്രങ്ങളും നാഗാരാധനയുടെ സൂചനകൾ തരുന്നു.
കാണാൻ ആഗ്രഹമുണ്ടോ?
[ഇവിടെ തുറക്കുക]
എഴുതിയത് : സത്യജിത് എം എസ്, വെഞ്ഞാറമൂട്