പരാജയങ്ങളിൽ തളരാത്ത നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെ പ്രതീകമായി റൈറ്റ് സഹോദരന്മാർക്ക് ബദലായി മാറിയിരിക്കുകയാണ് കോട്ടയത്തിന്റെ സ്വന്തം അൻസാരി സഹോദരന്മാർ.
സഹോദരങ്ങളും മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളുമായ മുഹമ്മദ് ആസിഫ് അൻസാരി, മുഹമ്മദ് ആദിൽ അൻസാരി, മുഹമ്മദ് അഥിഫുൽ അൻസാരി എന്നിവർ സ്വന്തമായി നിർമ്മിച്ച വിമാനവുമായാണ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെത്തിയത്.
പത്ത്, ഒമ്പത്, ആറ് ക്ലാസ് വിദ്യാർത്ഥികളാണിവർ. സ്വന്തമായി ഒരു വിമാനം നിർമ്മിക്കണമെന്ന മോഹവുമായി കൊറോണ അവധിക്കാലം മുതൽ ആരംഭിച്ച കഠിന പ്രയത്‌നവും, തുടരെ നേരിട്ട പരാജയങ്ങളിൽ നിന്നും ഉൾക്കൊണ്ട പ്രചോദനവുമാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്.