അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏറ്റവും പുതിയ ടെർമിനലായ ‘എ’ അടുത്തമാസം ഒന്നിന് പ്രവർത്തനം തുടങ്ങും
അടുത്തമാസം 15 മുതൽ 28 വിമാനകമ്പനികൾ ഇവിടെനിന്ന് പൂർണമായും സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ 1, 2, 3 ടെർമിനലുകൾക്കൊപ്പമായിരിക്കും നവംബർ ഒന്ന് മുതൽ 14 വരെ ടെർമിനൽ എ പ്രവർത്തിക്കുക. പിന്നീട് 28 വിമാനക്കമ്പനികൾ ഇവിടെനിന്ന് മാത്രമായി സർവീസ് തുടങ്ങും. ഈ മാസം 31-ന് പുതിയ ടെർമിനലിൽനിന്ന് ഇത്തിഹാദ് എയർവേസ് ഉദ്ഘാടന പറക്കൽ നടത്തും.
അടുത്തമാസം ഒന്ന് മുതൽ വിസ് എയർ ഉൾപ്പടെ 15 അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇവിടെനിന്ന് സർവീസ് നടത്തുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ നവംബർ ഒമ്പത് മുതൽ ഇത്തിഹാദ് എയർവേസ് പ്രതിദിനം 16 സർവീസുകൾ നടത്തും. എയർഅറേബ്യ അബുദാബി ഉൾപ്പെടെ മറ്റ് 10 വിമാനക്കമ്പനികളും ഇവിടെനിന്ന് സർവീസ് നടത്താനുള്ള തയ്യാറെടുപ്പിലാണ്.
പുതിയ ടെർമിനലിൽ യാത്രക്കാരെ സ്വീകരിക്കാനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്കും സന്ദർശകർക്കും പുതിയ ടെർമിനലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നതിനായി ബോധവത്കരണ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത മാസം ഒന്നിനും 14-നുമിടയിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രയ്ക്കായി തയ്യാറെടുക്കുന്നവർ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്. ടെർമിനൽ ‘എ’യിൽനിന്ന് യാത്രയ്ക്ക് ഒരുങ്ങുന്നവർ യാത്രാവിവരങ്ങൾക്ക് അതത് വിമാനക്കമ്പനികളെ ബന്ധപ്പെടണം. ഗൂഗിൾ മാപ്സ്, വേസ് എന്നീ ആപ്പുകളിൽ പുതിയ ടെർമിനലിലേക്കുള്ള വഴി ലഭ്യമാക്കിയിട്ടുണ്ട്. ടെർമിനലുകൾക്കിടയിലുള്ള തിരക്ക് നിയന്ത്രിക്കാൻ ഇന്റർ ടെർമിനൽ ഷട്ടിൽ ബസുകൾ സർവീസ് നടത്തും.