BEVCO Recruitment
എന്താണ് ബെവ്കോ?
പൂർണ്ണമായും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യവിതരണ സ്ഥാപനമാണ് ബെവ്കോ (The Kerala State Beverages Corporation Limited - BEVCO). 1984 ലാണ് ബെവ്‌കോ സർക്കാരിന്റെ ഉടമസ്ഥതയ്ക്ക് കീഴിൽ സ്ഥാപിതമാകുന്നത് (Vacancies at BEVCO).
ഗുണമേന്മയുള്ള മദ്യത്തിന്റെ സ്ഥിരമായ വിപണനത്തിലൂടെ ഗവൺമെന്റിന് മികച്ച ഒരു വരുമാനസ്രോതസ്സായി മാറുകയാണ് ബെവ്കോയുടെ പ്രധാന ലക്ഷ്യം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ മദ്യ മാർക്കറ്റായ ഇന്ത്യയിൽ വിദേശ മദ്യത്തിന്റെ ഇറക്കുമതിയും വിപണനവും സുഗമമാക്കുവാനും പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുവാനുമാണ് ബെവ്കോ നിലവിൽ വന്നത്.
കേരള സംസ്ഥാനത്തിനുള്ളിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ബിയർ, വൈൻ, വിദേശനിർമ്മിത വിദേശമദ്യം എന്നിങ്ങനെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഉള്ള പൂർണ്ണമായ അവകാശം ഈ കോർപ്പറേഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
യോഗേഷ് ഗുപ്ത ഐപിഎസ് ആണ് ബെവ്കോയുടെ ഇപ്പോഴത്തെ ചെയർമാനും മാനേജിംഗ് ഡയറക്ടറും. ഗവൺമെന്റ് നാമനിർദേശം ചെയ്ത ആറ് അംഗങ്ങൾ ഉൾപ്പെടുന്ന ബോർഡാണ് ബെവ്കോയ്‌ക്ക് മേൽനോട്ടം വഹിക്കുന്നത്.
ഇന്ത്യയിൽ മദ്യത്തിന്റെ ഉപഭോഗത്തിൽ മുൻനിരയിലുള്ള സംസ്ഥാനമായ കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള പൊതുമേഖലാ സ്ഥാപനമാണിത്.
പതിമൂവായിരത്തി ഇരുന്നൂറ് കോടിയിലധികം വാർഷിക വരുമാനമുള്ള (2021-2022) ബെവ്കോ അയ്യായിരത്തി ഇരുന്നൂറിലധികം പേർക്ക് തൊഴിലും നൽകുന്നുണ്ട്.
ബെവ്‌കോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം:Click here.
ബെവ്കോയുടെ പ്രവർത്തനങ്ങൾ
എല്ലാം മദ്യവിതരണക്കാർക്കും തുല്യമായ അവസരങ്ങൾ നൽകുക, കൃത്യമായ ആന്തരിക നിയന്ത്രണ സംവിധാനത്തിലൂടെ കോർപ്പറേഷനെ അഴിമതി വിമുക്തമാക്കുക, വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മികച്ചതും സുഗമവുമായ സേവനങ്ങൾ ലഭ്യമാക്കുക, എല്ലാത്തരം ക്രയവിക്രയങ്ങളും രേഖപ്പെടുത്തുവാനും പ്രസിദ്ധീകരിക്കുവാനുമായി മികച്ച ഒരു അക്കൗണ്ടിങ്ങ് - മാനേജ്മെന്റ് സിസ്റ്റം നിലനിർത്തുക, നിയമവിരുദ്ധമായ മധ്യനിർമാണവും വിപണനവും തടയുവാൻ എക്സൈസ് ഡിപ്പാർട്ട്മെന്റിനോടൊത്ത് പ്രവർത്തിക്കുക, നവീനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങളെ ട്രാക്ക് ചെയ്യുക എന്നിവയൊക്കെയാണ് ബെവ്കോയുടെ ദൗത്യങ്ങൾ.
കേരളത്തിലുള്ള മദ്യത്തിന്റെ ചില്ലറ വ്യാപാര സ്ഥാപനങ്ങളുടെ സിംഹഭാഗത്തിന്റെയും ഉടമസ്ഥാവകാശവും നടത്തിപ്പ് ഉത്തരവാദിത്വവും ബെവ്കോയ്ക്കാണ്.
കേരളത്തിന്റെ തെക്കേയറ്റത്തുള്ള കളിയിക്കാവിള മുതൽ വടക്കേ അറ്റത്തുള്ള സീതങ്ങോളിവരെ കേരളത്തിലുടനീളം ഇങ്ങനെയുള്ള 267 വ്യാപാര കേന്ദ്രങ്ങളാണ് ബെവ്കോയ്‌ക്ക് കീഴിലുള്ളത്. ഇവയിൽ 107 എണ്ണത്തിന് സെൽഫ് സർവീസിംഗ് കൗണ്ടറുകളും ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ബീവറേജസ് ഔട്ട്ലെറ്റുകൾ ഉള്ളത് എറണാകുളത്താണ് (36 എണ്ണം). ഏറ്റവും കുറവുള്ളത് വയനാട്ടിലും (6 എണ്ണം).
ഇതിലെല്ലാമുപരി സ്ഥാപനത്തിന്റെ ഔദ്യോഗിക സൈറ്റിൽ നിന്നും നേരിട്ട് ഉൽപ്പന്നം ഓർഡർ ചെയ്യുവാനും പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകളുടെ ലൊക്കേഷൻ കണ്ടെത്തുവാനും സൗകര്യമുണ്ട്.
ബെവ്കോയിലെ തൊഴിലവസരങ്ങൾ
ആറു പ്രാദേശിക ഓഫീസുകളിലും ഇരുപത്തിയാറ് വേർഹൗസുകളിലും ഇരുന്നൂറ്റി അറുപത്തിയേഴ് ഔട്ട്ലറ്റുകളിലുമായി അയ്യായിരത്തി ഇരുന്നൂറിലധികം പേരാണ് നിലവിൽ ബെവ്‌കോയ്ക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഇവിടങ്ങളിലെല്ലാം പല തസ്തികകളിലേക്ക് സ്ഥിര - താൽക്കാലിക നിയമനങ്ങൾ ബെവ്‌കോ നടത്താറുണ്ട്. പുതുതായി നിയമനങ്ങൾ വർദ്ധിപ്പിക്കുവാനും ബെവ്‌കോ ലക്ഷ്യമിടുന്നു.
വേതനത്തിന്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള സ്റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ ലിമിറ്റഡ്, സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കരിയറിനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച പൊതുമേഖലാസ്ഥാപനമാണ്.
Vacancies at BEVCO